തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്.
ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിന്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
അതേസമയം കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്.
ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.